Followers

Saturday, November 3, 2012

ഒരു പ്രണയ കവിത


ബെല്‍ജിയന്‍ കവിയായ ,സവിശേഷാര്‍ത്ഥത്തില്‍ 'വാലൂണ്‍ പ്രാദേശിക ഭാഷാഭേദ'ത്തിന്റെ കവിയായ ലൂയിസ് റെമാകിളിന്റെ (Louis Remacle) 'പ്രണയ കഥയെപ്പറ്റി' (On Love Story) എന്ന കവിതയുടെ വിവര്തനമാണിത്.1910-ല്‍ ജനിച്ചു.ഭാഷാ തത്ത്വ ശാസ്ത്രജ്ഞന്‍ (philologist) എന്ന നിലയിലുള്ള സംഭാവനകള്‍  നിസ്തുലം.ലീജ് സര്‍വകലാശാലയില്‍ ഭാഷാശാസ്ത്ര വിഭാഗത്തിലെ പ്രൊഫെസ്സര്‍ ആയിരുന്നു.യാന്‍ ലൌവ്‌ലോകിന്റെ (Yann Lovelock) ഇംഗ്ലീഷ് പരിഭാഷയാണ് ഈ മലയാള വിവര്‍ത്തനത്തിന്റെ അടിസ്ഥാനം.മലയാള വിവര്‍ത്തനത്തില്‍ എന്തെങ്ങിലും പിഴവുകള്‍ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അത് മലയാള ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമുള്ള എന്റെ അറിവിലായ്മകൊണ്ട് സംഭവിച്ചു പോകുന്നതാണെന്ന് പറഞ്ഞു കൊള്ളട്ടെ.

പ്രണയ കഥയെപ്പറ്റി

നനുത്ത മുലകളോട്
ദയ തോന്നിയപ്പോള്‍
മട്ടുപ്പാവില്‍
മേഘങ്ങള്‍ നിറഞ്ഞു.

മേഘങ്ങള്‍ക്കിടയില്‍
തനിച്ചു നിന്ന നിനക്ക്
ചിറകുകള്‍ മുളച്ചു.

മരണം പതിയിരിക്കുന്ന
മൃദുലമായ കഴുത്തില്‍
മെല്ലെ ഉമ്മ വെച്ചപ്പോള്‍
വാതിലില്‍ മുട്ട് കേട്ടു.
വാതില്‍ തുറന്നപ്പോള്‍
വസന്തം അപ്പാടെ
അകത്തേക്കു വന്നു.

ആരുമില്ലാത്ത തീവണ്ടിയില്‍
ആരോരുമില്ലാതെ
അങ്ങനെ പാഞ്ഞു പോകുന്നു,
ആളൊഴിഞ്ഞ സ്റ്റേഷനുകള്‍ പിന്നിട്ട്.

ഭൂമിയിലെ മുഴുവന്‍ പൂക്കളേയും
കൂട്ടികൊണ്ട് നീ വരുമെന്നും
ഏതെങ്കിലും സ്റ്റേഷനില്‍
കാത്തു നില്‍ക്കുമെന്നും
 ഓടിക്കയറുമെന്നും
അരികില്‍ വന്നിരിക്കുമെന്നും.

നിന്നെ കണ്ടില്ല
നീവന്നില്ല.
പകരം ഇലപൊഴിയും കാലം വന്നു.
കലാപങ്ങള്‍ വന്നു.
കത്തിക്കരിഞ്ഞ തെരുവുകളും
പാതിവെന്ത മനുഷ്യരും
വന്നു കൊണ്ടേയിരുന്നു.

മഞ്ഞുമലകള്‍ക്കിടയില്‍
ആകാശം ചാഞ്ഞു കിടന്ന വഴിയില്‍
പുള്ളിക്കുത്തുള്ള കുടചൂടി
പാവക്കുട്ടിയെപ്പോലെ
നീ അകന്നു മറഞ്ഞു.

മഞ്ഞു കട്ടകള്‍ വാരിയെറിഞ്ഞ്
നീ പോയ വഴിത്താരയെ
ശരത്കാലം പെട്ടെന്നു മൂടിക്കളഞ്ഞു.

നിന്റെ വിരലുകള്‍
പതിഞ്ഞ പിയാനോ.
നീ പോയിട്ടും
അതു പാടിക്കൊണ്ടിരുന്നു.   

2 comments: